Kerala
നടുവിൽ: ജനവാസകേന്ദ്രങ്ങളിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ നേരിടുന്ന കർഷകരക്ഷാ സേനയ്ക്കു പ്രതിഫലമില്ലെങ്കിലും സേവനം ചെയ്യുന്നതിൽ തടസമില്ല. മൂന്നുവർഷമായി പ്രതിഫലമില്ലാതെയാണു കർഷകരക്ഷാസേന പ്രവർത്തിക്കുന്നത്.
കാട്ടുപന്നികളെ തുരത്തുന്നതിനായി രണ്ട് ഗ്രൂപ്പുകൾ കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. കർഷകരക്ഷാസേനയും എം പാനൽ ഗ്രൂപ്പും. കർഷക രക്ഷാസേനയിൽ 25ഉം എം പാനൽ ഗ്രൂപ്പിൽ 45 ഉം അംഗങ്ങളാണുള്ളത്. ഒരു പന്നിയെ കൊന്നാൽ 1500 രൂപയും അതിനെ മറവ് ചെയ്യുന്നതിന് 2000 രൂപയുമാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, ഈ തുക ഇതേവരെ ആർക്കും ലഭിച്ചിട്ടില്ലെന്ന് പറയുന്നു.
അംഗങ്ങൾ ഇതൊരു സേവനമായിട്ടാണ് ചെയ്യുന്നത്. അതത് പ്രദേശത്തെ പഞ്ചായത്തുകളുടെ അനുമതി ലഭിച്ചാൽ ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവച്ചുകൊന്ന് കൃഷി സംരക്ഷിക്കാൻ തോക്കുമായി ഇവരെത്തും. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ പ്രതിരോധിക്കാൻ മറ്റു മാർഗമില്ലാതെ വന്നപ്പോഴാണു മലയോരത്ത് പലരും കൃഷി ഉപേക്ഷിച്ചത്.
2022 ൽ സംസ്ഥാനസർക്കാർ കാട്ടുപന്നിയെ ക്ഷുദ്രജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തി വെടിവച്ചു കൊല്ലാൻ നിയമം പാസാക്കിയതോടെ വന്യമൃഗശല്യം തീർക്കാൻ കർഷകരക്ഷാസേന രംഗത്തിറങ്ങുകയായിരുന്നു. പുലിക്കുരുമ്പയിലെ മുട്ടത്തിൽ ബെന്നിയാണ് ഇതിനു നേതൃത്വം നൽകിയത്.
വിവരാവകാശ നിയമപ്രകാരം തളിപ്പറമ്പ് താലൂക്കിലെ ലൈസൻസുള്ള തോക്കുടമകളെ കണ്ടെത്തി വിവിധ പഞ്ചായത്തുകളിലെ ലൈസൻസുള്ള അംഗങ്ങളെ ഉൾപ്പെടുത്തിയാണ് കർഷക രക്ഷാസേന രൂപീകരിച്ചത്. നിലവിൽ നടുവിൽ, ചെറുപുഴ, കുറുമാത്തൂർ, ഇരിക്കൂർ, മാടായി, മലപ്പട്ടം, മയ്യിൽ, കൊളച്ചേരി, കുറ്റ്യാട്ടൂർ എന്നീ പഞ്ചായത്തുകളിലും ശ്രീകണ്ഠാപുരം, ആന്തൂർ മുനിസിപ്പാലിറ്റികളിലുമാണ് കർഷകരക്ഷാ സേനയുടെ സേവനം ലഭിക്കുന്നത്.
കർഷകരക്ഷാ സേന കഴിഞ്ഞ മൂന്നു വർഷമായി 100 പന്നികളെ വെടിവച്ചു കൊന്നിട്ടുണ്ട്. പരിശീലനം ലഭിച്ച അഞ്ച് നായാട്ടുനായ്ക്കളും ഇവരുടെ കൂടെയുണ്ട്. കൃഷി സംരക്ഷണത്തിന് തോക്കിന് ലൈസൻസുള്ള 60 ഓളം കർഷകർ കണ്ണൂർ ജില്ലയിലുണ്ട്. ഇടക്കാലത്ത് വനംവകുപ്പ് ഇവരുടെ ലൈസൻസ് റദ്ദ് ചെയ്തിരുന്നെങ്കിലും ഈ ഉത്തരവ് പിൻവലിച്ചിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിന് സ്പോർട്സ് ഗണ്ണുകളും ഇൻസ്റ്റിറ്റ്യൂഷണൽ ലൈസൻസുള്ള തോക്കുകളും ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് കേരള സർക്കാർ താത്കാലികമായി മരവിപ്പിച്ചു. വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ ഇടപെടലിനെത്തുടർന്നാണ് നടപടി.
വിള സംരക്ഷണത്തിനോ സ്വയംരക്ഷയ്ക്കോ മാത്രമുള്ള തോക്കുകൾ ഉപയോഗിച്ചേ കാട്ടുപന്നികളെ വെടിവെക്കാവൂ എന്നും സ്പോർട്സ് ലൈസൻസുള്ളവർ ഇത് ചെയ്യാൻ പാടില്ലെന്നും കാണിച്ച് സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇടുക്കി ജില്ലാ കളക്ടറുടെ ശുപാർശയുടെയും ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു ഇത്.
ഈ തീരുമാനത്തിനെതിരെ സംസ്ഥാനവ്യാപകമായി കനത്ത പ്രതിഷേധം ഉയർന്നിരുന്നു. നിലവിൽ കാട്ടുപന്നികളെ കൊല്ലാൻ നിയോഗിക്കപ്പെട്ടിട്ടുള്ളവരിൽ ഏകദേശം 50 ശതമാനവും സ്പോർട്സ് ലൈസൻസുള്ളവരാണ്. ഈ ഉത്തരവ് നടപ്പിലായാൽ കാട്ടുപന്നി ശല്യം തടയാനുള്ള നടപടികൾ സ്തംഭിക്കുമെന്ന് ഷൂട്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു.
തോക്കുകളുടെ ഉപയോഗം നിയന്ത്രിക്കാൻ ഏത് വകുപ്പിനാണ് അധികാരമെന്ന കാര്യത്തിൽ നിയമപരമായ വ്യക്തത കുറവുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തുടർന്ന് വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയോട് ഈ ഉത്തരവ് തൽക്കാലം നടപ്പിലാക്കേണ്ടതില്ലെന്ന് നിർദ്ദേശം നൽകുകയായിരുന്നു.
സർക്കാർ ഉത്തരവ് മരവിപ്പിച്ചതോടെ സ്പോർട്സ് ഗൺ ലൈസൻസുള്ള ഷൂട്ടർമാർക്ക് കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിൽ തടസമുണ്ടാകില്ല.
Kerala
തിരുവനന്തപുരം: സ്പോർട്സ് അല്ലെങ്കിൽ സ്ഥാപനപരമായ ലൈസൻസുകൾ പോലുള്ള ആവശ്യങ്ങൾക്കായി ആയുധ ലൈസൻസ് ഉള്ള വ്യക്തികളെ കാട്ടുപന്നികളെ വെടിവയ്ക്കുന്നതിൽനിന്നു വിലക്കിക്കൊണ്ട് വനം വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് താത്കാലികമായി മരവിപ്പിക്കാൻ വനം മന്ത്രി എ.കെ.ശശീന്ദ്രൻ വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കു നിർദേശം നൽകി.
ഇടുക്കി ജില്ലാ കളക്ടറുടെ ശിപാർശയും ആഭ്യന്തര വകുപ്പിന്റെ അഭിപ്രായവും കണക്കിലെടുത്തായിരുന്നു ഇപ്രകാരം ഉത്തരവു പുറപ്പെടുവിച്ചത്. എന്നാൽ ആയുധ ലൈസൻസ് അനുവദിക്കുന്ന ലൈസൻസിംഗ് അഥോറിറ്റികൾ ഇത്തരം ലൈസൻസുകളും അത് ഉപയോഗിക്കുന്നതിന്റെ സാധുതയും പരിശോധിച്ച് ഉത്തരവ്/സ്പഷ്ടീകരണം പുറപ്പെടുവിക്കേണ്ടതുണ്ട്.
ഈ വിഷയത്തിൽ വനംവന്യജീവി വകുപ്പ് ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നതു നിയമാനുസൃതമാണോ എന്നും പ്രായോഗികത ഉൾപ്പെടെ ബന്ധപ്പെട്ട മറ്റു വിഷയങ്ങളും വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാപുതിയ ഉത്തരവ് പുറപ്പെടുവിക്കാൻ മന്ത്രി നിർദേശം നൽകിയത്.
ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ചുകൊല്ലുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർക്ക് അനുമതി നൽകിയിരുന്നുവെങ്കിലും ലൈസൻസ്ഡ് ഷൂട്ടർമാരുടെ ലഭ്യതക്കുറവ് മൂലം കാട്ടുപന്നികളെ കൊല്ലുന്നതിനുള്ള നടപടികൾ കാര്യമായി നടക്കുന്നില്ല എന്ന് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും പരാതി ഉയർന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ വനം ഡിവിഷനുകൾക്ക് കീഴിലുമുള്ള പഞ്ചായത്തുകളിൽ കൂടുതൽ ലൈസൻസ്ഡ് ഷൂട്ടർമാരെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ കഴിഞ്ഞ ദിവസം വനം മന്ത്രി ചീഫ് വൈൽഡ് ലൈഫ് വാർഡ് നിർദേശം നൽകിയിരുന്നു.
Kerala
കോട്ടയം: നാട്ടിലും നഗരത്തിലും വരെ കാട്ടുപന്നികളുടെ വിളയാട്ടം രൂക്ഷമായിരിക്കെ വെടിവച്ചുകൊല്ലാനുള്ള തോക്കിനും വനംവകുപ്പിന്റെ പാര.
കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അനുമതി ഇനി വിളസംരക്ഷണത്തിനും സ്വയരക്ഷയ്ക്കും തോക്ക് ലൈസന്‍സുള്ളവര്‍ക്കു മാത്രമേയുള്ളൂ. കായികാവശ്യത്തിനുള്ള ലൈസന്‍സ് തോക്കുകൊണ്ട് പന്നികളെ വെടിവയ്ക്കുന്നതിന് വനംവകുപ്പ് നിരോധനം ഏര്‍പ്പെടുത്തി.
പഞ്ചായത്ത് പ്രസിഡന്റുമാറും വൈല്‍ഡ് ലൈഫ് വാര്ഡന്മാരും കാട്ടുപന്നികളെ വെടിവയ്ക്കാന്‍ അനുമതി നല്‍കും മുന്‍പു ജില്ലാ ലൈസന്‍സിംഗ് അഥോറിറ്റിയില്നിന്നു തോക്ക് ലൈസന്‍സിന്റെ വിഭാഗം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നാണ് പുതിയ ഉത്തരവ്. ചുരുക്കത്തില്‍ കാട്ടുപന്നിക്കൂട്ടം കൃഷിയിടം ഉഴുതുമറിച്ചുപോയാലും കൃഷിയിടം താവളമാക്കിയാലും വെടിവയ്പ്പ് നടക്കില്ല.
കാട്ടുപന്നികളെ വെടിവയ്ക്കാന്‍ മുന്നോട്ടുവരുന്നവരിൽ പല രും റൈഫിള്‍ ക്ലബ് അംഗങ്ങളാണ്. നിയമപ്രകാരം കായികാവശ്യത്തിന് അനുവദിക്കുന്ന തോക്കുകള്‍ മത്സരങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
എന്നാല്‍ പന്നികളുടെ എണ്ണം പെരുകി ശല്യം രൂക്ഷമായതോടെ കായിക തോക്കുകള്‍ കൊണ്ടും പന്നികളെ കൊല്ലാന്‍ അനുമതി നല്‍കിയിരുന്നു. ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ പേരില്‍ എടുക്കുന്ന തോക്കുകള്‍ ഉപയോഗിച്ചും പന്നികളെ കൊല്ലാന്‍ അനുമതി നല്‍കിയിരുന്നു. ഇത്തരം ലൈസന്‍സുകള്‍ സ്ഥാപനങ്ങളുടെ പേരിലാണ് അനുവദിക്കുന്നത്.
District News
പറവൂർ: പുത്തൻവേലിക്കര പഞ്ചായത്തിലെ തേലത്തുരുത്തിൽ കാട്ടുപന്നികൾ ഇറങ്ങി ഏത്തവാഴ കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ കർഷകർ ആശങ്കയിലായി. മേഖലയിൽ ഏത്തവാഴകൃഷി വ്യാപകമാണ്. കൂട്ടത്തോടെയെത്തുന്ന കാട്ടുപന്നികൾ ഇവ കുത്തിമറിച്ചിട്ട ശേഷം വാഴയുടെ കടഭാഗം ഭക്ഷിക്കുകയാണ് ചെയ്യുന്നത്.
കൂട്ടത്തോടെ നശിപ്പിക്കുകയാണ്. മച്ചിങ്ങൽ അപ്പുവിൻ്റെ 18 വാഴകളും, രണ്ടുമാസം മുമ്പ് നട്ട ബംഗ്ലാവുപറമ്പിൽ ലാലന്റെ 16 വാഴകളും നശിപ്പിച്ചു. വനമേഖലയോട് ചേർന്നാണ് സാധാരണ കാട്ടുപന്നി ശല്യം ഉണ്ടാകാറുള്ളത്. എന്നാൽ പറവൂർ താലൂക്കിൽ തന്നെ ആദ്യമായിട്ടാണ് കാട്ടുപന്നിയുടെ ശല്യം റിപ്പോർട്ട് ചെയ്യുന്നത്.
കൃഷി നാശം സംഭവിച്ചതിന്റെ തൊട്ടടുത്ത വീട്ടുമുറ്റത്ത് ദിവസങ്ങൾക്ക് മുമ്പ് കാട്ടുപന്നിയെ കണ്ടതായി വിട്ടുടമസ്ഥൻ പറഞ്ഞു. കാട്ടുപന്നി തകർത്ത കൃഷിയിടങ്ങൾ പുത്തൻവേലിക്കര പഞ്ചായത്ത് കൃഷി ഓഫീസർ ടി.ഒ. ബെന്നി, വാർഡംഗം ബി.എ. സന്ദീപ് എന്നിവർ സന്ദർശിച്ചു.
Kerala
മലപ്പുറം: മമ്പാട് ഗ്രാമപഞ്ചായത്തിൽ കാട്ടുപന്നികളെ കൂട്ടമായി വെടിവച്ചുകൊന്നു. മേപ്പാടം, മമ്പാട് നോർത്ത്, കരിക്കാട്ടുമണ്ണ, ടാണ, ബിമ്പുങ്ങൽ, വള്ളിക്കെട്ട്, താളി പൊയിൽ എന്നിവടങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്.
പഞ്ചായത്തിന്റെ സവിശേഷ അധികാരം ഉപയോഗിച്ചായിരുന്നു കാട്ടുപന്നി കൊന്നത്. 20 കാട്ടുപന്നികളെയാണ് കൊന്നൊടുക്കിയത്.
ഷൂട്ടർ പത്തപ്പിരിയം സ്വദേശി അഹമ്മദ് നിസാറിന്റെ നേത്യത്വത്തിലായിരുന്നു നടപടികൾ.
District News
പഴയന്നൂർ: ഒരിടവേളയ്ക്കുശേഷം ചേലക്കരയിൽ വീണ്ടും കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ചേലക്കര പഞ്ചായത്തിലെ തോണൂർക്കര 21-ാം വാർഡിൽ നെടുമാറ്റത്തിൽ വീട്ടിൽ സുരേഷിന്റെ പറമ്പിലാണ് ഇന്നലെ പുലർച്ചയോടെ കാട്ടാനക്കൂട്ടം ഇറങ്ങി നാശനഷ്ടങ്ങൾ വരുത്തിയത്.
പറമ്പിലുണ്ടായിരുന്ന ഒട്ടനവധി വാഴകൾ, പച്ചക്കറികൾ, റബർ മരങ്ങൾ എന്നിവ ആനകൾ നശിപ്പിച്ചു. നിലവിലുള്ള സോളാർ വേലികൾ തകർത്താണു കാട്ടാനകൾ ജനവാസ മേഖലയിലേക്ക് എത്തുന്നത്. സാധാരണ സോളാർ വേലികൾ കാട്ടാനക ളെ പ്രതിരോധിക്കാൻ ഫലപ്രദമല്ലാത്തതിനാൽ, തൂക്കുവൈദ്യുത വേലികൾ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിനു രണ്ടു വർഷത്തിലേറെ പഴക്കമു ണ്ടെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. കഴിഞ്ഞ ദിവസം അകമലയിലും കാട്ടാനകൾ ഇറങ്ങി ഏക്കറു കണക്കിന് നെൽകൃഷി നശിപ്പിച്ചിരുന്നു. കാട്ടാന ശല്യം രൂക്ഷമായതോടെ കടുത്ത ആശങ്കയിലാണു മേഖലയിലെ കർഷകർ.
District News
കൂരാച്ചുണ്ട്: കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ 34 അംഗ ഷൂട്ടർമാർ നൽകിയ അപേക്ഷയിന്മേൽ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഒപ്പുവച്ചു. കർഷക സംഘടനയായ കിഫയുടെ നേതൃത്വത്തിലുള്ള 27 ഷൂട്ടർമാരും കൂടാതെ പെരിന്തൽമണ്ണയിൽ നിന്നുള്ള ഏഴ് ഷൂട്ടർമാരെയും നിയോഗിച്ചുകൊണ്ടാണ് ഉത്തരവിട്ടത്. ഈ മാസം 11ന് ജില്ലയുടെ അകത്തുംപുറത്തും നിന്നുമുള്ള ഷൂട്ടർമാരെ നിയോഗിച്ചുകൊണ്ടാണ് നടപടി സ്വീകരിക്കുന്നത്.
വേട്ടനായകളെ ഉപയോഗിച്ചുകൊണ്ട് കാടിളക്കിയായിരിക്കും കാട്ടുപന്നികളെ വെടി വയ്ക്കുന്നത്. ഹോട്ട്സ്പോട്ടുകൾ നിശ്ചയിക്കുന്നത് പ്രകാരം ഏറ്റവുമധികം കാട്ടുപന്നി ശല്യം നേരിടുന്ന അഞ്ചാം വാർഡ് ഓട്ടപ്പാലം മേഖലയിലായിരിക്കും ഇതിന് തുടക്കം കുറിക്കുന്നത്.
ഇതിനായി പഞ്ചായത്ത്തല ആർആർടി സംഘത്തെ രൂപീകരിക്കും. എംപി, എംഎൽഎ, ജില്ലാതല വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ യോഗം ചേരുകയും വാർഡുകളിൽ ഷൂട്ടർമാരെ നിയോഗിക്കുന്ന വേളയിൽ വാർഡിൽ ജനങ്ങൾക്ക് ജാഗ്രത നിർദേശങ്ങൾ നൽകുന്നതിനായി വാർഡ് മെംബർമാരെയും വാർഡ്തല സമിതിയെയും ചുമതലപ്പെടുത്തും.
ജില്ലയുടെ പുറത്തുനിന്ന് ഷൂട്ടർമാരെ നിയോഗിക്കേണ്ടി വരുന്ന സാഹചര്യത്തിൽ പഞ്ചായത്ത് ഫണ്ടിൽ നിന്നും ഇതിനാവശ്യമായ ചെലവ് വഹിക്കും.
District News
നാദാപുരം: പട്ടാപ്പകല്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തി കൃഷിയിടത്തിലൂടെ പാഞ്ഞ കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു. പന്നികളെ പിന്നീട് വെടിവച്ചുകൊന്നു. പുറമേരി എസ്വിഎല്പി സ്കൂളിന് സമീപം പരപ്പില്‍ സഫിയയുടെ വീട്ടുപറമ്പിലെ ആള്‍മറയില്ലാത്ത കിണറ്റിലാണ് കാട്ടുപന്നിക്കൂട്ടം വീണത്.
ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് പറമ്പിലൂടെ കാട്ടുപന്നിക്കൂട്ടം ഓടിയത്. പിന്നീട് ശബ്ദം കേട്ട് നോക്കിയപ്പോഴാണ് പന്നികള്‍ കിണറ്റില്‍ വീണത് ശ്രദ്ധയില്‍പ്പെട്ടത്. നാല് വലിയ പന്നികളും മൂന്ന് ചെറിയ പന്നികളുമാണ് കിണറ്റില്‍ ഉണ്ടായിരുന്നത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാസേനയും വനംവകുപ്പിന്റെ എംപാനല്‍ ഷൂട്ടര്‍ പ്രദീപ്കുമാര്‍ അരൂരും സഹായികളായ സ്നിഷില് ലാല്‍, വി.ടി. ബിനീഷ് എന്നിവരും സ്ഥലത്തെത്തി. കിണറ്റില്‍ വച്ചു തന്നെ പന്നികളെ വെടിവച്ചു കൊന്നു. പുറമേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെയായി കാട്ടുപന്നി ശല്യം രൂക്ഷമാണ്.
District News
വണ്ടിത്താവളം: കൃഷിപ്പണി തുടങ്ങിയാൽ കർഷകന്റെ വീടുകളിലെ സാരിത്തരങ്ങളെല്ലാം വയലിൽ പന്നികളെ തുരത്താനായി കൂടാരമൊരുക്കുന്നതിന് ഉപയോഗിക്കുന്നതും ഒരു അധിക ചെലവ്.
ഞാറു തയ്യാറാക്കുന്നതുമുതൽ കൊയ്ത്തു വരെയും സാരിചുറ്റൽ ചെയ്യണം. എന്നാൽ ഇത്തരം സാരികൂടാരങ്ങളേയും പന്നികൾ നശിപ്പിച്ച് വിളനാശം വരുത്തുന്നുമുണ്ട്.
കാട്ടുപന്നി പ്രതിരോധത്തിനു ശാശ്വതപരിഹാരം കാണാത്തതിൽ കർഷകർ നിരാശയിലാണ്. പന്നികളെ കൊല്ലാൻ വനംവകുപ്പ് പഞ്ചായത്തുകൾ മുഖാന്തരം നടപ്പിലാക്കുന്ന ഷൂട്ടർമാരുടെ സേവനം പൂർണതോതിൽ നടപ്പിലാക്കാത്തതും കർഷകരെ നിരാശരാക്കുന്നു. മിക്ക കർഷകരും പാരമ്പര്യ ഉപജീവനമെന്ന നിലയിൽ നെൽകൃഷിയിൽ നഷ്ടം സഹിച്ചും തുടരുന്നുണ്ടെങ്കിലും പുതുതലമുറ ഈ മേഖല കയ്യൊഴിയുന്നതും കാർഷികമേഖലക്ക് വിനയാവുകയാണ്.
District News
നിലന്പൂർ: വഴിക്കടവ്, മരുത വനമേഖലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ വനം വകുപ്പ് ജീവനക്കാർക്ക് മുൻകരുതൽ നിർദേശങ്ങളുടെ ഭാഗമായി പരിശീലനം നൽകി. പരിശീലനത്തിന് നിലന്പൂർ നോർത്ത് ഡിഎഫ്ഒ പി. ധനേഷ് കുമാർ, വനം വകുപ്പിലെ വെറ്ററിനറി ഡോക്ടർ ശ്യാം എന്നിവർ നേതൃത്വം നൽകി. വഴിക്കടവ് വനം റേഞ്ച് പരിധിയിലെ നെല്ലിക്കുത്ത്, പോത്തുകല്ല് വനം സ്റ്റേഷനുകളിലെ മുഴുവൻ ജീവനക്കാർക്കുമാണ് പരിശീലനം നൽകിയത്.
പന്നിപ്പനിയുടെ ചരിത്രവും ഇന്ത്യയിലും കേരളത്തിലും രോഗം വ്യാപിച്ച കാലങ്ങളും മറ്റും ജീവനക്കാർക്ക് വിവരിച്ചു. തുടർന്ന് വനത്തിനകത്ത് ഫീൽഡ് ജോലിക്ക് പോകുന്പോഴും ചത്ത കാട്ടുപന്നിയെ കൈകാര്യം ചെയ്യുന്പോഴും കൈയുറകളും കാലുറകളും ഉപയോഗിക്കേണ്ടതിന്റെ സാഹചര്യങ്ങളും വിവരിച്ചു. ജഢങ്ങൾ കൈകാര്യം ചെയ്യുന്പോൾ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിക്കാനും നിർദേശിച്ചിട്ടുണ്ട്.
2020 ലാണ് ഇന്ത്യയിൽ ആദ്യമായി പന്നിപ്പനി കണ്ടെത്തിയത്. 2022 ൽ ഇത് കേരളത്തിലും കണ്ടു തുടങ്ങി. രോഗകാരികൾ ഡിഎൻഎ വൈറസ് ആയതിനാൽ മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും പകരില്ല. എന്നാൽ പന്നികളിൽ നിന്ന് മറ്റു പന്നികളിലേക്ക് വ്യാപിക്കും. വ്യാപകമായി രോഗവ്യാപനമുണ്ടായാൽഅത് പ്രകൃതിയുടെ താളം തെറ്റിക്കും.
എല്ലാ മേഖലകളിലും കാട്ടുപന്നികൾ എത്തുന്നതിനാൽ കാട്ടുപന്നികളിൽ നിന്ന് നാട്ടിൽ വളർത്തുന്ന പന്നികളിലേക്ക് രോഗം വ്യാപിക്കാനുള്ള സാധ്യത ഏറെയുള്ളതായി പറയുന്നു. അതിനാൽ പന്നി ഫാം നടത്തുന്നവർ ജാഗ്രത പുലർത്തണമെന്ന് ഡിഎഫ്ഒ പറഞ്ഞു. കണ്ണൂർ ആറളത്തും തൃശൂരിലുള്ള സർക്കാർ പന്നി ഫാമുകളിലും കഴിഞ്ഞ സെപ്തംബർ,ഒക്ടോബർ മാസങ്ങളിൽ പന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു.
ആഫ്രിക്കൻ പന്നിപ്പനിക്ക് മരുന്ന് കണ്ടുപിടിക്കാത്തതിനാൽ രോഗം വന്നാൽ പന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് ഡിഎഫ്ഒ പറഞ്ഞു. ആഭ്യന്തര പന്നിഫാമുകളിൽ രോഗമെത്തിയാൽ അവ അടച്ചുപൂട്ടുകയല്ലാതെ മറ്റു മാർഗങ്ങളുണ്ടാകില്ല.
Kerala
കോന്നി: അരുവാപ്പുലം അക്കരക്കാലപ്പടിയില് കാട്ടാനകള്‍ കൃഷിയിടങ്ങള്‍ നശിപ്പിച്ചു. കഴിഞ്ഞ രാത്രിയാണ് ജനവാസ മേഖലയില്‍ കാട്ടനാക്കൂട്ടം നാശം വിതച്ചത്. കാര്‍ഷികവിളകളായ വാഴ, മരച്ചീനി, റബര്‍, കമുക്, തെങ്ങ് എന്നിവയാണ് വ്യാപകമായി നശിപ്പിച്ചത്. വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചിട്ടും ഇതേവരെയും സ്ഥലം സന്ദര്‍ശിക്കുകയോ നാശനഷ്ടങ്ങള്‍ വിലയിരുത്തി കര്‍ഷകര്‍ക്കു നഷ്ടപരിഹാരം കൊടുക്കുന്നതിനുള്ള മേല്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
കുറേ മാസങ്ങളായി കല്ലേലി, അരുവാപ്പുലം മേഖലകളില്‍ ആന ശല്യം രൂക്ഷമാണ്. കാട്ടാനകള്‍ ദിവസേന വീടുകള്‍ക്ക് സമീപംവരെ എത്തി കൃഷി നശിപ്പിക്കുകയാണ്. വനം വകുപ്പും പ്രാദേശിക ഭരണകൂടവും കേന്ദ്രസര്‍ക്കാരിനെയും കേന്ദ്രനിയമത്തേയും പഴിചാരി ഇരിക്കാതെ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് ഐക്യ കര്‍ഷക സംഘം പത്തനംതിട്ട ജില്ലാ ട്രഷറര്‍ സന്തോഷ് ആവശ്യപ്പെട്ടു. കര്‍ഷകസംഘം സംസ്ഥാന കമ്മറ്റി അംഗങ്ങളായ ജോണ്‍സ് യോഹന്നാൻ, ബിന്ദു വിദ്യാധരന് എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.
അരുവാപ്പുലം പഞ്ചായത്തില്‍പ്പെട്ട അക്കരക്കാലപ്പടിയിലും കല്ലേലിയിലും വന്യമൃഗങ്ങള്‍ മനുഷ്യജീവനും സ്വത്തിനും ഉണ്ടാക്കുന്ന ഭീഷണിക്ക് അറുതിവരുത്താന്‍ വനം വകുപ്പും സര്‍ക്കാരും നടപടി സ്വീകരിപ്പിക്കണമെന്ന് നാട്ടുക്കാര് നിരന്തരം ആവശ്യപ്പെട്ടിട്ടും യാതൊരു അനുകൂല നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. വനഭാഗങ്ങളില്നിന്നും വിദൂരത്തിലുള്ള ജനവാസ മേഖലകളിലെത്തുന്ന വന്യമൃഗങ്ങളെ തടയാന്‍ അധികൃതര്‍ യാതൊരു നടപ്പടിയും സ്വീകരിച്ചിട്ടില്ല. പ്രധാന പാതകളില്‍ ഉള്‍പ്പെടെ അരുവാപ്പുലം പഞ്ചായത്ത് പ്രദേശങ്ങളില്‍ വന്യമൃഗങ്ങള്‍ വിഹരിക്കുകയാണ്. അരുവാപ്പുലം അക്കരക്കാലപ്പടിയില് ആന നശിപ്പിച്ച കൃഷിയിടം.
Kerala
തിരുവനന്തപുരം: മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യാൻ ഗ്രാമ പഞ്ചായത്തുകൾക്ക് അധികാരം നൽകിയതോടെ ജൂലൈ വരെ 4,734 എണ്ണത്തിനെ വെടിവച്ചു കൊന്നെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ.
നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പാലക്കാട്ടാണ് കൂടുതൽ പന്നികളെ കൊന്നത് -1457. മലപ്പുറത്ത് -826, തിരുവനന്തപുരം -796 പന്നികളെയും കൊന്നു.
നാടൻ കുരങ്ങുകളെ 1972 ലെ വന്യജീവി (സംരക്ഷണം) നിയമത്തിന്റെ ഒന്നാം പട്ടികയിലുൾപ്പെടുന്നതിനാൽ എണ്ണം നിയന്ത്രിക്കാൻ പരിമിതിയുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രാനുമതി തേടി. കർമ്മപദ്ധതിയും തയാറാക്കി വരുന്നു.
വന്യമൃഗങ്ങളാൽ ജീവഹാനി സംഭവിക്കുന്നവരുടെ കുടുംബത്തിന് നിലവിൽ നൽകുന്ന പത്തുലക്ഷം രൂപ നഷ്ടപരിഹാരം ഇരട്ടിയാക്കുന്നത് സർക്കാർ പരിശോധിച്ചുവരികയാണ്. വനത്തിന് പുറത്ത്നിന്നുള്ള പാമ്പുകടി, തേനീച്ച, കടന്നൽ കുത്ത് മൂലമുള്ള ജീവഹാനിക്ക് നഷ്ടപരിഹാരം നാല് ലക്ഷം രൂപയായി വർധിപ്പിച്ചുവെന്നും മന്ത്രി സഭയെ അറിയിച്ചു.